കക്ഷി: അമ്മിണിപ്പിള്ള
- Vinayak Ashok

- Jul 3, 2019
- 1 min read
ഒരു സിനിമ കാണുമ്പോൾ സ്വാഭാവികമായി പ്രേക്ഷകന്റെ മനസ്സിൽ വരുന്ന വികാരങ്ങൾ എന്തൊക്കെയായിരിക്കും. സിനിമ ഇഷ്ടപ്പെട്ടാൽ ഒരു ചെറിയ സന്തോഷവും അല്ലെങ്കിൽ വേദനയും സിനിമയുടെ സ്വഭാവമനുസരിച്ച് മനസ്സിൽ നിലനിൽക്കും. ഇഷ്ടപ്പെടാത്ത സിനിമ ആണെങ്കിൽ അത് കലിപ്പായിട്ടും irritation ആയിട്ടും മാറും. എന്നാൽ ഇതിലൊന്നും പെടാത്ത, പ്രേക്ഷകനിൽ യാതൊരു ചലനവും ഉണ്ടാക്കാതെ, ഒരു arrowroot ബിസ്ക്കറ്റ് പോലുള്ള സിനിമയാണ് കക്ഷി: അമ്മിണിപ്പിള്ള. തീയേറ്ററിൽ ഒരു ചിരിയോ കൂവലോ ഒന്നുമില്ലായിരുന്നു. പടം കഴിഞ്ഞു, ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിൽ ആൾക്കാർ എഴുന്നേറ്റു പോയി.
തലശ്ശേരിയിൽ, അമ്മിണിപ്പിള്ള എന്ന യുവാവിനെ വീട്ടുകാർ പിടിച്ചു കെട്ടിക്കുകയും, ഭാര്യയോടുള്ള താൽപര്യക്കുറവ് മൂലം അയാൾ വിവാഹബന്ധം വേർപെടുത്താൻ ശ്രമിക്കുന്നതുമാണ് കഥ. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രദീപ് (ആസിഫ് അലി) അയാളുടെ വക്കാലത്തേറ്റെടുക്കുകയാണ്. തുടർന്നുള്ള സംഭവങ്ങൾ കാഴ്ചക്കാരന്റെ ആകാംക്ഷയെ വെന്റിലേറ്ററിൽ കിടത്തി അവസാനം വരെ കൊണ്ട് പോകുന്നു. ഒരാഴ്ച മാത്രം പരിചയമുള്ള മണകൊണാഞ്ചനായ നായകനെ നായിക എന്തിനു പ്രേമിക്കുന്നു എന്ന ന്യായമായ ചോദ്യം കാഴ്ചക്കാരന്റെ നിസ്സംഗതയിൽ മുങ്ങിപ്പോയി.
Arranged marriage, helicopter parenting തുടങ്ങിയ സാമൂഹ്യ പ്രതിഭാസങ്ങളുടെ ഒരു നല്ല സറ്റയറോ social commentary-യോ ആക്കാനുള്ള വകുപ്പ് ഈ സിനിമയിലുണ്ടായിരുന്നു. എന്നാൽ അവയെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ സ്ക്രിപ്റ്റിന്റെ ശ്രദ്ധ മാറി dilute ആവുകയും നല്ലൊരവസരം പാഴാവുകയുമാണ് സംഭവിച്ചത്. രസകരമല്ല, എന്നാൽ ബോറടിയിലേക്കു എത്തിയിട്ടുമില്ല എന്ന പരുവത്തിലുള്ള ഈ കഥയിൽ എന്തെങ്കിലും ഹൃദയസ്പർശിയായി തോന്നിയത് ഫാറയുടെ പെർഫോമൻസ് ആണ്. നിർഭാഗ്യവശാൽ, കാമ്പില്ലാത്ത ഒരു കഥാപാത്രം എത്രത്തോളം പരിശ്രമിച്ചാലും പ്രേക്ഷകരുടെ മനസ്സിൽ കയറാൻ ബുദ്ധിമുട്ടാണ്.
ഒരു ഫേസ്ബുക് പോസ്റ്റിൽ ഇതിന്റെ ഡയറക്ടർ പറഞ്ഞത് പോലെ, പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാത്ത സിനിമ.
Rating: തലേന്ന് പൊട്ടിച്ചു വച്ച ഗ്യാസ് പോയ സോഡ കുടിക്കുന്ന അനുഭവം.
.png)
.png)
.png)



Comments