ഉണ്ട - subtext-ന്റെ വിജയം
- Vinayak Ashok

- Jun 22, 2019
- 2 min read
അങ്ങനെ കഴിഞ്ഞ ദിവസം ഉണ്ട കണ്ടു. ഇഷ്ടപ്പെട്ടു, നല്ല പടം. കുറെ കാലത്തിനു ശേഷമാണ് ഒരു മമ്മൂട്ടിപ്പടത്തിനെ പറ്റി ഇങ്ങനെ പറയാൻ പറ്റുന്നത്. അങ്ങനെ ആരും തന്നെ മോശം അഭിപ്രായം ഇതിനെപ്പറ്റി പറഞ്ഞു കേട്ടില്ല.
ഫേസ്ബുക്കിലും യൂട്യുബിലും ഇതിനെ പറ്റിയുള്ള പല റിവ്യൂകളും കണ്ടു. എല്ലാവരും പൊതുവെ പറയാറുള്ള ചില കാര്യങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. പോലീസ് ജീവിതം റിയലിസ്റ്റിക് ആയി കാണിച്ചിരിക്കുന്നു, നല്ല cinematography, നല്ല direction എന്നൊക്കെ. ഇതൊക്കെ തീർച്ചയായും സിനിമയുടെ മേന്മയിലേക്കു സംഭാവന ചെയ്യുന്നുണ്ട്, സംശയമൊന്നുമില്ല. എന്നാൽ മൂന്നു ഘടകങ്ങൾ ആണ് എന്റെ അഭിപ്രായത്തിൽ ഈ സിനിമയുടെ മുതൽക്കൂട്ട്.
1) മമ്മൂട്ടി - ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ, ഇതൊരു "ഇക്കപ്പടം" അല്ല . നല്ല ഒരുകൂട്ടം കഥാപാത്രങ്ങളുടെ ഇടയിൽ ഒന്നുമാത്രമാണ് മമ്മൂട്ടിയുടെ മണി എന്ന SI. സിനിമ തുടങ്ങി കുറച്ചു കഴിയുന്നതോടെ മമ്മൂട്ടി എന്ന വ്യക്തിയെപ്പറ്റി കാഴ്ചക്കാരൻ മറക്കുന്നു, പകരം മണി എന്ന സാധാരണ മനുഷ്യൻ അരങ്ങിലെത്തുന്നു. ഒന്നുകിൽ അധോലോക മെഗാസ്റ്റാർ നായകൻ അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള faux-realistic മനുഷ്യൻ, ഇങ്ങനത്തെ മമ്മൂട്ടി വേഷങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർ മറന്നിരുന്ന ഒരു വലിയ സത്യം ഈ സിനിമ നമ്മളെ ഓർമ്മിപ്പിക്കുന്നു - ഒരു മികച്ച director's actor ആണ് മമ്മൂട്ടി.
2) Characterization - എത്ര നല്ല plot ഉണ്ടെങ്കിലും ഒരു സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നത് അതിലെ കഥാപാത്രങ്ങളിലൂടെയാണ്. അതിനു മികച്ച ഉദാഹരണം ലിങ്ക്ലേറ്ററിന്റെ Dazed and Confused ആണ്. പ്ലോട്ട് എന്ന ഒരു സാധനം പോലുമില്ലാതെ, അതിലെ കഥാപാത്രങ്ങളുടെ ബലത്തിൽ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന സിനിമ. കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് ഒരു മമതയും സമാനുഭാവവും തോന്നിയില്ലെങ്കിൽ പിന്നെ എന്ത് പ്ലോട്ട് ഉണ്ടായിട്ടും കാര്യമില്ല. ഈ സിനിമ അക്കാര്യത്തിൽ വിജയമാണ്. മമ്മൂട്ടിയും, ലുക്മാനും, ഷൈൻ ടോം ചാക്കോയും, ഓംകാർ ദാസും ഈ സിനിമയ്ക്ക് ജീവൻ നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ വ്യക്തിത്വവും, അവർ തമ്മിലുള്ള ഇടപെടലുകൾ ഉളവാക്കുന്ന ടെൻഷനും ആണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്.
3) Subtext - റിയലിസം, direction, പോലീസുകാരുടെ കഷ്ടപ്പാട് മുതലായ വളരെ ഉപരിപ്ലവമായ കാരണങ്ങളല്ലാതെ, വ്യക്തിപരമായി എന്നെ ആകർഷിച്ച ഒരു ഘടകം, ഇതിൽ ശക്തമായ ഒരു subtext ഉണ്ട് എന്നുള്ളതാണ്. കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാംസ്കാരികമായി ഉള്ള വ്യത്യാസം, അവർ തമ്മിലുള്ള interaction, മലയാളിയുടെ തനതായ സ്വഭാവം - ഇവയാണ് ഉണ്ടയുടെ സ്ഥായിയായ theme.
ഇലക്ഷൻ ഡ്യൂട്ടിക്ക് ബീഹാറിലെ ഒരു ആദിവാസി ഗ്രാമത്തിലെത്തിയ കേരളാ പോലീസ് സംഘത്തിന് വരുന്ന cultural shock, അവിടുത്തെ പ്രശ്നങ്ങളോടുള്ള അവരുടെ അജ്ഞത, ഒടുവിൽ പ്രതികൂലാവസ്ഥയെ അതിജീവിച്ചു മുൻപോട്ടു നീങ്ങുന്ന അവരുടെ resilience - ഇതാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യയുടെ തെക്കേ അറ്റത്തു വളരെ സ്വസ്ഥമായി കഴിയുന്ന നമുക്ക് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള മാവോയിസം പോലുള്ള പ്രശ്നങ്ങൾ പത്രവാർത്തകളിലൂടെ അല്ലാതെ നേരിട്ട് താരതമ്യേന കാണേണ്ടിവന്നിട്ടില്ല. ഇതിൽ നിന്നുളവാവുന്ന ഒരു ദ്വൈതാവസ്ഥ മലയാളിയുടെ സ്വഭാവത്തിലുണ്ട്. സാംസ്‌കാരികമായി മുന്പിലാണെന്ന നേരിയ അഹങ്കാരം , എന്നാൽ ലോകത്തിന്റെ ഏതു മൂലയിലും എത്ര പ്രതികൂലമായ സാഹചര്യത്തിലും ജീവിക്കാൻ വേണ്ടി പോകുകയും അവിടെ പിടിച്ചു നിൽക്കുകയും ചെയ്യും. ഉണ്ട എന്നത് ഈ ദ്വൈതാവസ്ഥയുടെ പ്രതിരൂപമാണ്. എല്ലാ സൗകര്യങ്ങളും ഇല്ലാതെ പണി ചെയ്യില്ല എന്ന entitled മനോഭാവവും, ജോലിചെയ്തു ജീവിക്കാൻ എന്ത് ഗതികേടും സഹിക്കും എന്ന മലയാളികളുടെ ഈ dichotomy ഉണ്ടയിലൂടെ പ്രതിഫലിക്കുന്നു.
അടുത്തകാലത്ത് കണ്ട നല്ല മലയാള സിനിമകളിൽ ഒന്ന് .
PS: പോസ്റ്ററിലെ phallic typography എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സിനിമയുമായി അതിനു ഒരു ബന്ധവുമില്ല. പോസ്റ്റർ ചെയ്ത കലാകാരന്റെ ഒരു കുസൃതി ആയിരിക്കും. വേണ്ടിയിരുന്നില്ല.
Rating:

.png)
.png)
.png)



Comments