കുമ്പളങ്ങി നൈറ്റ്സ് കണ്ടതിനു ശേഷം ഷമ്മി എഴുതുന്നത് .
- Paul Barber

- Jul 30, 2019
- 3 min read
Updated: Jul 30, 2019
സ്നേഹിതരെ,
ഞാൻ ഷമ്മി. വളരെ ദുഃഖത്തോടും വേദനയോടും കൂടിയാണ് ഞാൻ ഇത് എഴുതുന്നത്. ജോലിത്തിരക്കിനും പ്രാരാബ്ധങ്ങൾക്കും ഇടയിൽ ഇത്രയും നാളായി സിനിമ കാണാൻ സാധിച്ചില്ല. ആൾക്കാർ പറഞ്ഞു കുറെയൊക്കെ കേട്ടായിരുന്നു. നാളെ നേരിൽ ചെല്ലണമെന്ന് പറഞ്ഞു ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നപ്പോഴാണ് ഇന്ന് സിനിമ പോയി കണ്ടത്. കഷ്ടമുണ്ട്, ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്.
എല്ലാവരും എന്നെ ഒരു psycho ആയി കാണുന്നു. യാഥാർഥ്യങ്ങൾ നിങ്ങൾ പരിശോധിക്കണം. കല്യാണശേഷം ഭാര്യവീട്ടിൽ താമസം തുടങ്ങിയ ഞാൻ, വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഭാര്യയോടും അമ്മയോടും പെരുമാറി. ഭാര്യയുടെ അനുജത്തിയെ സ്വന്തം അനുജത്തിയെപ്പോലെ കണ്ടു. ഒളിഞ്ഞു നോക്കുകയോ, കയറിപ്പിടിക്കുകയോ, മോശമായി ഒന്ന് സംസാരിക്കുകയോ ചെയ്തില്ല, എന്ന് വേണ്ട, ആ കുട്ടി എവിടെ പോകുന്നു എന്നോ എപ്പോൾ തിരിച്ചു വരുന്നു എന്ന് പോലും ചോദിച്ചിട്ടില്ല. കാരണം ഞാൻ patriarchy-ൽ വിശ്വസിക്കുന്നില്ല. ഞാൻ ഒരു പുരോഗമനവാദിയാണ്.
ആ കുട്ടി ഒരു പയ്യനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ മാത്രം ഞാൻ എതിർത്തു. അല്ലെങ്കിൽ നിങ്ങൾ പറ, അവനു ഒരു ജോലിയില്ല, ജോലിക്ക് പോകാൻ താല്പര്യവുമില്ല. അവന്റെ വീട്ടിൽ ചേട്ടനും അനിയന്മാരും തമ്മിൽ എന്നും കള്ളുകുടിച്ചു വഴക്കും കയ്യാങ്കളിയുമാണ്. ബാറിൽ കിടന്നു പോലും തല്ലുകൂടുന്ന ഇവർ നാട്ടുകാർക്കും ശല്യമാണ്. ആ വീട്ടിലാണെങ്കിൽ ഒരു വാതിൽ പോയിട്ട് നേരെ ചൊവ്വേ ഒരു കക്കൂസ് പോലുമില്ല. ഇവരെ സഹായിക്കാൻ ശ്രമിച്ച ഒരു പാവം തമിഴൻ മരിക്കുന്നതു പോലും നിങ്ങൾ കണ്ടതാണ്. ഇങ്ങനെ ഒരു സെറ്റപ്പിലേക്കു എന്ത് ധൈര്യത്തിൽ ആ കുട്ടിയോട് ഞാൻ പൊയ്‌ക്കോളാൻ പറയും? അല്ലെങ്കിൽ പിന്നെ എന്നോട് അഭിപ്രായം ചോദിക്കരുതായിരുന്നു.
ഇതെല്ലാം നല്ല lighting ഒക്കെ നൽകി ഭംഗിയുള്ള ഫ്രെയിം സെറ്റ് ചെയ്യുമ്പോൾ കാണാൻ നല്ല ഭംഗിയാണ്. Romanticize ചെയ്തു കാണിച്ച് തരുമ്പോൾ നല്ല രസമാണ്. പക്ഷെ യാഥാർഥ്യം അങ്ങനെ അല്ലല്ലോ. എന്തിലും ഏതിലും realism എന്ന് പറഞ്ഞു നടക്കുന്നവർക്ക് എന്റെ വ്യാകുലതയുടെ കാര്യം വന്നപ്പോൾ realism വേണ്ടേ? നഗരവാസികൾക്ക് പരിചിതമല്ലാത്തതെന്ന് കരുതി ചില ജീവിതങ്ങൾ എടുത്തു exotic ആയി അവതരിപ്പിക്കുന്നത് ഇപ്പോഴത്തെ സിനിമകളിൽ ഒരു trend ആണെന്ന് ഞാൻ മനസിലാക്കുന്നു ( പണ്ട് വിദേശികൾ ഇന്ത്യയെക്കുറിച്ചു പറഞ്ഞതും അവതരിപ്പിച്ചതും പോലെ ).
ഡൊമസ്റ്റിക് ടൂറിസത്തിന്റെ കാലഘട്ടമാണല്ലോ അല്ലെ. ആ ഒരു പാക്കേജിലേക്ക് ഒരു വിദേശ വനിതയെക്കൂടി ഉൾപ്പെടുത്തിയതാണ് തമാശ. Love at first sight ആണെന്ന് തോന്നുന്നു. അവരുടെ നാട്ടിൽ moon walk ചെയ്യുന്ന മീൻ പിടുത്തക്കാരില്ലായിരിക്കും. ആ…. അതെന്തെങ്കിലും ആകട്ടെ. ഞാൻ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാറില്ല. അതാണെന്റെ മര്യാദ.
പലതിനെയും സാധൂകരിക്കാനും പുകമറ സൃഷ്ടിക്കാനും, നേരാംവണ്ണം ജോലിക്ക് പോയി ജീവിക്കുന്ന എന്റെ നെഞ്ചത്ത് എന്തിനാണ് കയറുന്നത്? മാന്യ പ്രേക്ഷകരെ, നിങ്ങൾ ഒന്നോർക്കണം. ആ പയ്യന്റെ ജാതിയോ മതമോ ഞാൻ ചോദിച്ചു പോലുമില്ല. എനിക്ക് അതൊരു വിഷയമേ അല്ല. ഞാൻ ഒരു പുരോഗമനവാദിയാണ്.
ഭാര്യയുടെ സന്തോഷത്തിന് അവൾ ആവശ്യപ്പെട്ടപോലെ ബന്ധുവീട്ടിൽ ഞാൻ വിരുന്നുണ്ണാൻ പോയി. അവിടെയുണ്ടായിരുന്ന അദ്ദേഹം എന്നെ ക്ഷണിച്ചുവരുത്തി കൊച്ചാക്കാൻ നോക്കിയപ്പോഴാണ് ഞാൻ തിരിച്ചു ഡയലോഗ് അടിച്ചത്. വീടിനടുത്തു ഫുട്ബോൾ കളിക്കുന്ന പിള്ളേരോട് വളരെ സ്നേഹത്തോടെയാണ് ഞാൻ net വലിച്ചു കെട്ടാൻ പറഞ്ഞത്. എന്നോട് ചോദിച്ചിരുന്നെങ്കിൽ പിരിവിന്റെ ഒരു share ഞാനും കൊടുത്തേനെ. അങ്ങനെ വേണ്ടേ നമ്മൾ ഒരു പ്രശ്നം പരിഹരിക്കാൻ? കുട്ടികളിൽ ഉത്തരവാദിത്വം വളർത്താൻ? നാട്ടിലെ പറമ്പിനു ചുറ്റുമുള്ള വീടുകളിൽ ചില്ല് പൊട്ടുന്നതും, അതിന്റെ ഒച്ചയും ബഹളവും നമ്മൾ കേൾക്കാറുള്ളതല്ലേ.
ഒട്ടും selfish ആകാതെ, ഞങ്ങളുടെ rating കുറഞ്ഞാലും, നിയമം തെറ്റിക്കരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ ആ വിദേശവനിതയെയും ചെറുക്കനെയും ഇറക്കി വിട്ടത്. ഞങ്ങൾ അറിയാതെ വളരെ രഹസ്യമായിട്ടാണ് അവർ വീട്ടിൽ കയറിയതെന്ന് ഓർക്കണം. നിങ്ങൾ ഒരു കാര്യം മാത്രം ആലോചിച്ചു നോക്കു. ശ്രീനാഥ് ഭാസിയെ നിങ്ങൾക്ക് അറിയാം, നല്ല പയ്യനാണ്, അലമ്പൊന്നും ചെയ്യില്ല. പക്ഷെ അത് റാവുത്തരോ കീരിക്കാടൻ ജോസോ ആയിരുന്നെങ്കിൽ, ഞാൻ ചെയ്തതാണ് ശരി എന്ന് നിങ്ങൾ പറയില്ലേ?
ജോലിക്ക് പോയി, ഏറ്റവും മര്യാദയോടെ, നിയമങ്ങൾ പാലിച്ചു ജീവിക്കുന്ന ഒരാളായിരുന്നു ഞാൻ. അവസാനം കഥ തീർക്കാൻ വഴിയില്ലാതെ വന്നപ്പോൾ, അവർ എന്നെപ്പിടിച്ചു ഭ്രാന്തനാക്കി. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. ഞാൻ എന്തിന് ആ അമ്മയെയും ഭാര്യയേയും അനിയത്തിയേയും കെട്ടിയിടണം? എന്റെ motive എന്താണ്? ഒരു തരത്തിലുള്ള motive-ഉം എനിക്കില്ലെന്നു നിങ്ങൾ കണ്ടതല്ലേ. അപ്പോൾ പിന്നെ ഭ്രാന്തനാണെന്നു പറഞ്ഞാൽ മതിയല്ലോ അല്ലെ.
മുൻകാലങ്ങളിൽ, മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ അവതരിപ്പിച്ചിട്ടുള്ള ആണത്തമുള്ള ഹീറോകളെ, ന്യൂ ജൻ പിള്ളേര് വന്നു വലയെറിഞ്ഞു പൂട്ടുന്നതാണെന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ. Masculine male hero എന്ന രീതികളെ പൊളിക്കാനാണ് എന്നെ ഉപയോഗിച്ചതെങ്കിൽ, തെറ്റി. ഞാൻ അങ്ങനെയുള്ള രീതിയിൽ ഒന്നും ചെയ്തിട്ടില്ല, മീശ വച്ചതും ബുള്ളറ്റ് ഓടിച്ചതും ഒഴിച്ചാൽ. ആ മീശ ഞാനൊന്ന് പിരിച്ചിട്ടു പോലുമില്ല. പിന്നെ, എന്റെ ചിരിയിൽ ചെറിയ പ്രശ്നമുണ്ട്. സമ്മതിക്കുന്നു. പക്ഷെ Godfather-ൽ ജഗദീഷ് പറഞ്ഞതുപോലെ അത് എനിക്ക് ജന്മനാ ഉള്ളതാണ്. വീട്ടിൽ വാപ്പാക്കും ഉമ്മക്കും ഒക്കെയുണ്ട്.
ഇന്ന് ആ പയ്യന്റെ വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് മനസിലാക്കുന്നു. ആ വീട്ടിലെ പെണ്ണുങ്ങളുടെ സാന്നിധ്യമാണ് കാരണം എന്ന മട്ടിലാണ് കാണിക്കുന്നത്. ഇത് ഒരുമാതിരി തലതെറിച്ചു നടക്കുന്ന പയ്യന്മാരെ കല്യാണം കഴിപ്പിച്ചാൽ ശരിയാവും എന്ന് ജോത്സ്യന്മാരും ചില ഡോക്ടർമാരും പറയുന്നത് പോലെ… അയ്യേ!
ഒരു സംശയവും വേണ്ട, ആ പയ്യൻ ജോലിക്ക് പോകാനും പിന്നീട് കഴിവും താല്പര്യവുമുള്ള മേഖല കണ്ടു പിടിക്കാനും കാരണം എന്റെ ബലം പിടുത്തമാണ്. അവൻ മിടുക്കനാണ്, ഇനി ഗുണം പിടിച്ചോളും. അവന്റെ ചേട്ടനും കൂടെക്കൂടി എന്നാണ് അറിഞ്ഞത്. സന്തോഷം. എല്ലാവർക്കും നന്മകൾ മാത്രം നേരുന്നു. ഒരു കാര്യം മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു - ഷമ്മി തന്നെയാടാ ഹീറോ.
.png)
.png)
.png)



Comments