കഥാപാത്രം വേട്ടയാടുന്ന നടൻ
- Vinayak Ashok

- May 27, 2019
- 2 min read
ഒരു എട്ടു - പത്തു കൊല്ലം മുൻപ് ഹോളിവുഡിലെ കുഞ്ചാക്കോ ബോബനായിരുന്നു റോബർട്ട് പാറ്റിൻസൺ. Twilight ഫിലിം സീരീസിലെ പ്രധാന കഥാപാത്രമായ Edward Cullen എന്ന വാംപയറിനെ അവതരിപ്പിച്ചു ലക്ഷക്കണക്കിന് ഫാൻസിനെ ഹരം കൊള്ളിച്ച റോബർട്ട് പാറ്റിൻസൺ അതിനു വലിയ വില കൊടുക്കേണ്ടി വന്നു. എങ്ങോട്ടു തിരിഞ്ഞാലും പുറകെ കൂടുന്ന ഫാൻസ്, കിർസ്റ്റൻ സ്റ്റൂവെർട്ടുമായുള്ള തകർന്ന ബന്ധം, പോരാത്തതിന് Edward Cullen എന്ന പൈങ്കിളി കഥാപാത്രം തന്റെ കരിയറിന്റെ മുഖമുദ്ര ആവുകയും ചെയ്തു.

അഭിനയം വളരെ സീരിയസ് ആയി എടുത്ത ഈ യുവ നടന്, തന്റെ കരിയർ വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിൽ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു Twilight series. അതിനു മുൻപ് ചെറുതെങ്കിലും കാര്യമായ ഒരു റോൾ കിട്ടിയത് ഹാരി പോട്ടറിലെ സെഡ്രിക് ഡിഗ്ഗറി ആണ്. അങ്ങനെ ഇരിക്കുമ്പോൾ സൂപ്പർ ഹിറ്റ് നോവലായ Twilight-ലെ പ്രധാന കഥാപാത്രം ചെയ്യാനുള്ള അവസരം കിട്ടിയാൽ ആരാണെങ്കിലും വേണ്ടെന്നു വയ്ക്കില്ല. അത് ഒടുവിൽ തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്യുന്നത് വരെ കൊണ്ടെത്തിച്ചു. Twilight തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നത് അനിവാര്യമായി.
സമകാലീനരായ മറ്റു ബ്രിട്ടീഷ് നടന്മാർ ഹോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കുമ്പോൾ, റോബർട്ട് പാറ്റിൻസൺ മുഖ്യധാരാ ചലച്ചിത്രങ്ങൾ വിട്ടു art house പ്രൊജെക്ടുകളും മറ്റു ഇൻഡിപെൻഡന്റ് ചിത്രങ്ങളും മനപ്പൂർവം തെരഞ്ഞെടുത്തു. അതേ സമയം എഡ്ഡി റെഡ്‌മെയ്ൻ ഓസ്കറും ബാഫ്റ്റയും അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടുന്നു. Les Miserables, Fantastic Beasts Series, Danish Girl തുടങ്ങിയ പടങ്ങളിലെ പെർഫോമൻസിലൂടെ ഒരു മുഖ്യധാരാ ഹോളിവുഡ് നടൻ തന്നെ ആയി മാറുന്നു. ബെനഡിക്ട് കമ്പർബാച് ആണെങ്കിൽ ബിബിസിയിലെ ഹിറ്റ് ഷോ ആയ ഷെർലോക്കിൽ തകർക്കുന്നു, പോരാത്തതിന് pop culture holy grail ആയ MCU-ഇൽ Doctor Strange ആയിട്ട് സാമാന്യം നല്ല പെർഫോമൻസ് കാഴ്ചവച്ചു. ടോം ഹിഡിൽസ്റ്റൻ-ന്റെ കാര്യം പിന്നെ പറയണ്ട. ഇങ്ങനെ ഒരു "Hollywood-British Invasion" നടക്കുമ്പോൾ Twilight എന്ന ഒറ്റ കാരണം കൊണ്ട് റോബർട്ട് പറ്റിന്സണ് ഇതിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. അത് ഒരു പരിധി വരെ തന്റെ ഇമേജിനെ മാറ്റാൻ സഹായിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിലും തന്റെ ഇമേജ് മാറ്റാൻ കഷ്ടപ്പെടുന്നുണ്ട് എന്നുള്ളത് വളരെ പ്രകടമാക്കാൻ കഴിഞ്ഞു. അദ്ദേഹം ഹെർസോഗിന്റെയും ക്രോനെൻബർഗിന്റെയും വരെ പടങ്ങൾ ചെയ്തു.

ഏതായാലും പുള്ളിക്കാരന്റെ സമയം തെളിഞ്ഞു വരുന്നുണ്ടെന്നു തോന്നുന്നു. Edward Cullen-ന്റെ ഓർമ്മ ഒരിക്കലും വിട്ടുമാറില്ലെങ്കിലും ബാധോപദ്രവം തീർന്നു എന്ന് വേണം പറയാൻ. പുതിയ ബാറ്റ്മാൻ സിനിമയിലേക്ക് ബാറ്റ്മാൻ-ന്റെ വേഷം ചെയ്യാനുള്ള അവസാന ഡിസ്കഷൻ നടക്കുന്നുണ്ടെന്നാണ് അറിവ്. ഇൻറർനെറ്റിൽ batfans ബഹളം കൂട്ടിയെങ്കിലും ഒന്നാലോചിച്ചു നോക്കുക. ബെൻ അഫ്ലെക്കിനെ ബാറ്റ്മാൻ-ന്റെ വേഷത്തിലേക്ക് തീരുമാനിച്ചപ്പോൾ എന്തൊരു ഒച്ചപ്പാടായിരുന്നു. എന്നാൽ Batman vs Superman സിനിമയിൽ ആകെ നന്നായതു ബെൻ അഫ്‌ളെക് ആയിരുന്നു. ആ സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂവിൽ എല്ലാ വിഷമങ്ങളും കടിച്ചു പിടിച്ചു ഇരിക്കുന്ന ബെൻ അഫ്ലെക്കിനെ ആരും മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടു ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. റോബർട്ട് പാറ്റിൻസൺ വല്യ തരക്കേടില്ലാത്ത നടനാണ്. ചിലപ്പോൾ ആ വേഷം ഇതുവരെ കണ്ടിട്ടില്ലാത്തൊരു രീതിയിൽ interpret ചെയ്യാൻ പുള്ളിക്ക് പറ്റുമായിരിക്കും.

2020-ഇൽ പുറത്തിറങ്ങുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമായ 'Tenet'-ലും റോബർട്ട് പാറ്റിൻസൺ തന്നെയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. BlacKkKlansman എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ John David Washington- ഉം, Widows -ഇൽ നല്ല പ്രകടനം കാഴ്ചവച്ച Elizabeth Debicki-യും, പിന്നെ നമ്മുടെ സ്വന്തം ഡിംപിൾ കപാഡിയയും ആണ് ഒപ്പം അഭിനയിക്കുന്നത്. മുഖ്യധാരാ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിന് ഈ പ്രൊജക്റ്റ് വളരെ ഗുണകരമായിരിക്കും. ക്രിസ്റ്റഫർ നോളൻ പോലത്തെ ഒരു contemporary master, വളരെ arthouse/indie ഫീൽ ഉള്ള പടങ്ങൾ വളരെ വലിയ ക്യാൻവാസിൽ ഫലപ്രദമായി എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, പോരാത്തതിന് വാർണർ ബ്രതെർസിന്റെ സപ്പോർട്ടും എല്ലാം ചേർന്ന് ഒരു ബ്ലോക്കബ്സ്റ്റർ എൻട്രി ആണ് റോബർട്ട് പറ്റിന്സണ് കിട്ടുന്നത്. ഇതുവരെ ഉള്ള വിവരം അനുസരിച്ചു 2020-21 അദ്ദേഹത്തിന് വളരെ നല്ല വർഷമായിരിക്കും.
PS: സ്ക്രിപ്റ്റ് വായിക്കാൻ റോബർട്ട് പാറ്റിൻസനെ ക്രിസ്റ്റഫർ നോളൻ ഒരു മുറിയിൽ പൂട്ടിയിട്ടു എന്ന് പകുതി തമാശയായും പകുതി കാര്യമായിട്ടും പാറ്റിൻസൺ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ഇത് കണ്ടു നമ്മുടെ ന്യൂ ജെൻ ഡിറക്ടർമാർ നടന്മാരെ പൂട്ടിയിടാൻ സാധ്യതയുണ്ട്. "നോളേട്ടൻ ചെയ്തു, അതുകൊണ്ടു നമ്മളും ചെയ്യുന്നു". അഭിനേതാക്കൾ സൂക്ഷിക്കുക.
.png)
.png)
.png)



Comments