ആറാം തമ്പുരാൻ - ശേഷം ഭാഗം ജീവിതത്തിൽ.
- Vinayak Ashok

- Jun 19, 2018
- 2 min read
നാട്ടുകാരുടെ ഉത്സവവും നടത്തി, കുളപ്പുള്ളി അപ്പനെയും ഇടിച്ചിട്ടു ജഗന്നാഥനും ഉണ്ണിമായയും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിഞ്ഞു. ഹണിമൂൺ പീരീഡ് കഴിഞ്ഞപ്പോഴേക്കും ഉണ്ണിമായക്ക് ഒരു കാര്യം പിടി കിട്ടി. തല്ലു കൂടാനും നാക്കിട്ടടിക്കാനുമല്ലാതെ ഇയാൾക്ക് വേറെ തൊഴിലൊന്നുമറിയില്ല. പറമ്പിൽ നിന്നുള്ള വരുമാനം ഭർത്താവിന്റെ സിൽക്ക് ജുബ്ബ ഡ്രൈ ക്ലീൻ ചെയ്യാൻ പോലും തികയില്ല. കവലയിൽ പോയി രണ്ടു പാക്കറ്റ് പാല് മേടിച്ചുകൊണ്ടുവരാൻ പറഞ്ഞാൽ, ഡർബാർ രാഗത്തിന്റെയും സിംഹത്തിന്റെ മടയുടെയും പിന്നെ 12 മിനിറ്റ് നീളമുള്ള ഹരിമുരളീരവവും കേൾക്കേണ്ട അവസ്ഥയായി. ശല്യം. അപ്പോഴേക്കും ഒരു കൊച്ചും ആയി. കഷ്ടപ്പെട്ട് ചിട്ടി നടത്തിയും, കുട്ടികളെ പാട്ട് പഠിപ്പിച്ചും ഉണ്ണിമായ സ്വന്തം മകളെ വളർത്തി. ഒടുവിൽ ഭർത്താവിന്റെ ഈഗോയും ധാരാവിയും ചുരുട്ടി പോക്കെറ്റിൽ വച്ചോളാൻ പറഞ്ഞിട്ട്, ഉണ്ണിമായ സ്കൂട്ടായി. ഇപ്പോൾ സ്വസ്ഥമായി തിരുവനന്തപുരത്തു മകളുടെ കൂടെ കഴിയുന്നു. മകൾക്കു ടെക്നോപാർക്കിൽ ജോലിയുണ്ട്. ഉണ്ണിമായ ഒരു നല്ല കർണാടിക് മ്യൂസിക് vlog യൂട്യൂബിൽ നടത്തുന്നു.
നാട്ടിലെ പ്രശ്നങ്ങൾ തീർന്നപ്പോൾ, ആറാം നമ്പർ തമ്പുരാൻ ആരെ ഇടിക്കും? ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഇടിച്ചു തീർക്കാൻ പറ്റില്ലല്ലോ. നാട്ടിൽ സെറ്റിൽ ആയതോടെ സായി കുമാറും ജഗനെ മൈൻഡ് ചെയ്യാതെയായി. ഇതിലും ഒറ്റബുദ്ധിയായ പിള്ളേരെ അവിടെ തന്നെ കിട്ടും. ജാടയും കാണണ്ട. ആവശ്യം തീർന്നപ്പോൾ നാട്ടുകാരും തനിക്കൊണം കാണിച്ചു തുടങ്ങി. രണ്ടെണ്ണം അടിക്കണമെന്നു തോന്നുമ്പോൾ, നേരെ കോവിലകത്തേക്കു ചെല്ലും. ധാരാവിക്കഥ കേൾക്കണം എന്നല്ലേയുള്ളു, സാരമില്ല. അല്ലെങ്കിൽ ആ ഏരിയയിലേക്ക് തിരിഞ്ഞു നോക്കില്ല. അങ്ങനെ പ്രത്യേകിച്ച് ജോലിയും കൂലിയുമൊന്നുമില്ലാതെ ജഗൻ കഴിഞ്ഞു കൂടുന്നു. അത്യാവശ്യം തിന്നാനുള്ളത് പറമ്പിൽ നിന്ന് കിട്ടും. പിന്നെ വല്ലപ്പോഴും സിനിമ ഷൂട്ടിങ്ങിനു കോവിലകം കൊടുക്കും. അത്ര തന്നെ. ഇതൊക്കെയാണെങ്കിലും ജാഡക്കൊരു കുറവുമില്ല. വോഡ്കയുടെ ഒപ്പം അടിക്കാൻ കണ്ട തോട്ടിലേയും കുളത്തിലെയും വെള്ളം കുടിച്ചു കുടിച്ചു ഇപ്പോൾ ജോണ്ടിസ് പിടിച്ചു കിടപ്പാണെന്നാണ് കേട്ടത്.
സത്യത്തിൽ രക്ഷപെട്ടു പോയത് കുളപ്പുള്ളി അപ്പനാണ്. നാട്ടുകാരുടെ മുൻപിൽ നാണംകെട്ടു വീട്ടിലിരിക്കുമ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്. ഈ ഇട്ടാവട്ടത്തിൽ കാണുന്നത് മാത്രമല്ല ലോകം. നാട്ടുകാരോട് പോയി ചാവാൻ പറ. ഇങ്ങനൊരു "bite me" ആറ്റിട്യൂഡിൽ വീട്ടിലിരിക്കുമ്പോൾ, ദേ വരുന്നു ഒരു സായിപ്പു. പുള്ളിക്കാരൻ ഈ കളരിയും ചാത്തൻസേവയും മറ്റും കണ്ട ഉടനെ ഫ്ലാറ്റ് ആയി. അപ്പൻ നൈസായിട്ടു സായിപ്പിന്റെ കൂടെ ലോസ് ഏയ്ജൽസിലേക്കു വിട്ടു. യോഗയും ആയുർവേദവും അമേരിക്കയിൽ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സായിപ്പിന്റെ സഹായത്തോടെ ഇതൊരു ചെയിൻ ബ്രാൻഡ് ആക്കാൻ അപ്പന് അധികം സമയം വേണ്ടിവന്നില്ല. പയ്യെപ്പയ്യെ western seaboard മുഴുവനും ബ്രാഞ്ചുകളായി, ഹോളിവുഡുകാരുടെ കൺകണ്ട യോഗ ദൈവമായി. അപ്പൻ hit! ഒന്നരക്കൊല്ലത്തിൽ ആദ്യത്തെ മില്യൺ ഡോളേഴ്‌സ്, പ്രൈവറ്റ് ജെറ്റ്, കുളപ്പുള്ളി ഫൌണ്ടേഷൻ ഫോർ ഹോളിസ്റ്റിക് ചാരിറ്റി, ബ്രസീലിയൻ ഗേൾ ഫ്രണ്ട്, എന്ന് വേണ്ട ഒരു complete californication അപ്പന് സംഭവിച്ചു. ഇപ്പോൾ വല്ലപ്പോഴും ഇന്ത്യയിൽ വരുമ്പോൾ സൗത്ത് മുംബയിലെ വില്ലയിൽ താമസിച്ചിട്ടു പോകും. നാട്ടിലേക്ക് വരവില്ല. അടുത്ത പദ്മശ്രീ പട്ടികയിൽ ചേർക്കാൻ ഇരു മുന്നണിയും മത്സരിക്കുന്നുണ്ട് എന്ന ഒരു ശ്രുതിയും കേൾക്കുന്നുണ്ട്.
.png)
.png)
.png)



Comments